Article

Bionics Engineering - Bionical Creativity Engineering

ബയോണിക്സ് [ബയോണിക്കല്‍ ക്രിയേറ്റിവിറ്റി എന്‍ജിനിയറിങ്]
ബോക്സ് ഫിഷിന്റെ ജൈവഘടനയെ മാതൃകയാക്കി പ്രമുഖ കാര്‍ നിര്മാണ കമ്പനി ആയ മെര്‍സിഡസ് ബെന്‍സ് പുതിയ ഒരു കാര്‍ ഡിസൈന്‍ ചെയ്തത് ഈ അടുത്ത് വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു. പക്ഷികളും ശലഭങ്ങളും തുമ്പികളും അന്തരീക്ഷത്തില്‍ പറക്കുന്നത് കണ്ട് അത്ഭുതപ്പെട്ട് പറക്കാന്‍ ആഗ്രഹിച്ച പൌരാണിക മനുഷ്യനെപ്പോലെ അല്ല, സാങ്കേതികതയിലും ശാസ്ത്രീയ മേഖലയിലും പുതിയ മാനങ്ങള്‍ വെട്ടിത്തെളിച്ച ആധുനിക മനുഷ്യന്‍. പ്രകൃതിയിലെ ഓരോ ജീവജാലങ്ങളെയും സസ്യങ്ങളെയും സൂക്ഷ്മമായി പഠിച്ച് അവയുടെ അതിസൂക്ഷ്മ ശാരീരിക- ആന്തരിക ഘടനകളെയും പ്രവര്‍ത്തനങ്ങളെയും പോലും സാങ്കേതികമായി ഉപയോഗപ്പെടുത്തുന്നതിനെ കുറീച് ഗവേഷണ പഠനങ്ങളില്‍ ആണ് ഇന്ന് ശാസ്ത്ര ലോകം. ഇവിടെയാണ് ബയോണിക്സ് മേഖലയുടെ പ്രസക്തി. ബയോണിക്സ് അഥവാ ബയോണിക്കല്‍ ക്രിയേറ്റിവിറ്റി എന്‍ജിനിയറിങ് എന്നത് പുതുതായി വളര്‍ന്ന് വരുന്ന ഒരു സാങ്കേതിക – പഠന മേഖലയാണ്. പ്രകൃതിയില്‍ കാണുന്ന ഏതൊരു ജീവിയുടെയും ആന്തരിക ബാഹ്യ ശരീര ഘടനകളെയും പ്രവര്‍ത്തനങ്ങളെയും സാങ്കേതിക മേഖലയില്‍ എങ്ങിനെ ഉപയോഗപ്പെടുത്താം എന്നു ചിന്തിക്കുന്നു ഈ സാങ്കേതിക ഗവേഷണ-പഠന മേഖല. വ്യവസായിക മേഖലയില്‍ എന്നതിനേക്കാള്‍ മനുഷ്യന്റെയും മറ്റ് ജീവജാലങ്ങളുടെയും പ്രവര്‍ത്തനരഹിതമോ വൈകല്ല്യം ഉള്ളതോ ആയ ശരീരഭാഗങ്ങളെയും അവയവങ്ങളെയും ഇലക്ട്രിക്കല്‍ മെക്കാനിക്കല്‍ ഇലക്ട്രോണിക്സ് സാങ്കേതികതകള്‍ ഉപയോഗിച്ച് ആ ഭാഗങ്ങളുടെ പ്രവര്‍ത്തനത്തെയും ഘടനയെയും മാതൃക ആക്കിയോ മറ്റ് ജീവജാലങ്ങളുടെ ശാരീരിക പ്രവര്‍ത്തനങ്ങളെ മാതൃക ആക്കിയോ പുനസ്ഥാപിക്കുകയോ മാറ്റിവെക്കുകയോ ചെയ്യ്ന്ന സാങ്കേതിക പ്രവര്‍ത്തനങ്ങളും ഈ മേഖലയില്‍ വരുന്നു. സൈനിക പ്രതിരോധ മേഖലകള്‍, മെഡിസിന്‍, ബയോമെഡിക്കല്‍ എന്‍ജിനിയറിങ്, വ്യവസായിക രംഗം എന്നിവയിലൊക്കെ ബയോനിക് എന്‍ജിനിയറിങ് ഉപയോഗിക്കുന്നുണ്ട്. ഡോള്‍ഫിന്റെ തൊലിയുടെ പ്രവര്‍ത്തനങ്ങളെയും ഘടനയെയും മാതൃകയാക്കി കപ്പലിന്റെ പുറം കവചം നിര്‍മിക്കുന്നതും, താമരയുടെ ഇതളുകളുടെ പ്രത്യേകത പഠിച്ച് അതിനെ ആധാരമാക്കി കറയും അഴുക്കുകളും പറ്റിപ്പിടിക്കാത്ത പെയിന്‍റ് നിര്‍മിക്കുന്നതും, വവ്വാലുകളുടെ പ്രവര്‍ത്തന രീതി അടിസ്ഥാനമാക്കി റഡാര്‍ സാങ്കേതികതയും റോബോട്ടുകളെയും വികസിപ്പിക്കുന്നതും ഒക്കെ ബയോണിക്സ് എന്ന സാങ്കേതിക മേഖലയുടെ ആവിഷ്കാരം ആണ്. മനുഷ്യന്റ്റെ ശരീരവയങ്ങളുടെ ഘടനയിലെയും പ്രവര്‍ത്തനങ്ങളിലെയും സങ്കീര്‍ണമായ പ്രശ്നങ്ങളെ പരിഹരിക്കാന്‍ പ്രകൃതിയിലെ പ്രവര്‍ത്തനങ്ങളെ അനുകരിക്കുന്ന സാങ്കേതിക മെഡിക്കല്‍ മേഖലയായ ബയോമെമാറ്റിക്സ് [biomimetics] ബയോണിക്സിന്റെ ഒരു വകഭേദം ആണ്. ഫിസിയോതെറാപ്പി, ബയോമെഡിക്കല്‍ എന്‍ജിനിയറിങ് എന്നിവയുടെ ഉപരിപഠനം ആയോ അവാന്തര വിഭാഗം ആയോ ഈ പഠന മേഖല വരുന്നു. അതേ സമയം, ഇലക്ട്രിക്കല്‍, മെക്കാനിക്കല്‍, ഇലക്ട്രോണിക്സ്, കമ്പ്യൂട്ടര്‍ സയന്‍സ്, കെമിക്കല്‍, ബയോമെഡിക്കല്‍ എന്‍ജിനിയറിങ് ശാഖകളുടെ ഉപരിപഠന മേഖലയായി ബയോണിക്സ് എടുക്കാവുന്നതാണ്. ചില വിദേശ സര്‍വകലാശാലകള്‍ ഇലക്ട്രിക്കല്‍, മെക്കാനിക്കല്‍, ഇലക്ട്രോണിക്സ്, കമ്പ്യൂട്ടര്‍ സയന്‍സ്, കെമിക്കല്‍, ബയോമെഡിക്കല്‍ എന്‍ജിനിയറിങ് ശാഖകളുടെ അവാന്തര വിഭാഗമായി ബയോണിക്സ് എന്‍ജിനിയറിങ് പഠിപ്പിക്കുന്നുണ്ട്. ഇന്ത്യയില്‍ ഫിസിയോതെറാപ്പി കോഴ്സിന്‍റെ മാസ്റ്റര്‍ ഡിഗ്രീ കോഴ്സ് ആയി ബയോമെമാറ്റിക്സ് [biomimetics] പഠിപ്പിക്കുന്നുണ്ട്. ഒരു ഗവേഷണാത്മക പഠന മേഖലയാണ് ബയോണിക്സ് എന്‍ജിനിയറിങ് എന്നതിനാല്‍ ഇലക്ട്രിക്കല്‍, മെക്കാനിക്കല്‍, ഇലക്ട്രോണിക്സ്, കമ്പ്യൂട്ടര്‍ സയന്‍സ്, കെമിക്കല്‍, ബയോമെഡിക്കല്‍ എന്‍ജിനിയറിങ് പോലുള്ള കോഴ്സുകള്‍ക്ക് ശേഷമോ കെമിസ്ട്രി, ഫിസിക്സ് മുതലായ കോഴ്സുകള്‍ക്ക് ശേഷമോ ഉള്ള ഗവേഷണ പഠന മേഖല എന്ന നിലക്ക് മാത്രം ഈ പഠന ശാഖയെ സമീപിക്കുക. ഒരുപാട് തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നു എന്നതിനേക്കാള്‍ കുറച്ച്കൂടി വ്യതിരിക്തവും ഗവേഷണാത്മകവും ആയ ഒരു പഠന ശാഖയായി മാത്രം ഇതിനെ കാണുക. നിലവില്‍ ഇന്ത്യയില്‍ ഇതൊരു പ്രത്യേക കോഴ്സ് ആയി വന്നിട്ടില്ല. ജര്‍മനിയിലെ റൈന്‍ വോള്‍ യൂണിവേഴ്സിറ്റി, ആസ്ത്രേലിയയിലെ ന്യൂ സൌത്ത് വെയ്ല്‍സ് യൂണിവേഴ്സിറ്റി തുടങ്ങിയ സ്ഥാപനങ്ങള്‍ ഈ കോഴ്സ് നല്‍കിവരുന്നുണ്ട്.